സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ നാളെ, ഫലം വൈകുന്നേരത്തോടെ


ഷീബ വിജയൻ I കേരളം

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായും തിരഞ്ഞെടുപ്പ് ഫലം നാളെ വൈകുന്നേരത്തോടെ പൂർണ്ണമായി അറിയാൻ കഴിയുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. നാളെ രാവിലെ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

വോട്ടെണ്ണൽ പ്രക്രിയയ്ക്കായി 15,465 ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി 32,301 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സേനയ്ക്കാണ് സുരക്ഷാ ചുമതല. സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതിയുണ്ടാകില്ല. ഉദ്യോഗസ്ഥർക്ക് ക്യുആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ആറ് വരെ തുടരും. തെറ്റായ ഫലങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാകും. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെങ്കിൽ വിജയാഘോഷങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്. നിലവിൽ 20,028 സർവീസ് വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇന്ന് ലഭിക്കുന്ന സർവീസ് വോട്ടുകൾ കൂടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed