ഇന്ധനവില വർദ്ധിപ്പിക്കില്ല; അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ
ശാരിക I ദേശീയം
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ധനവില കൂട്ടുന്നതിനെക്കുറിച്ച് നിലവിൽ യാതൊരുവിധ ആലോചനയുമില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ നാല് വർഷമായി ഇന്ധനവിലയിൽ വലിയ വ്യത്യാസങ്ങൾ വരുത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വില ഉടൻ വർദ്ധിക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് ചിലയിടങ്ങളിൽ ജനങ്ങൾ വലിയ തോതിൽ ഇന്ധനം ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പരിഭ്രാന്തി ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം ആശയവിനിമയം നടത്തിവരികയാണ്. ഇന്ധനലഭ്യതയിൽ കുറവുണ്ടാകില്ലെന്നും വില വർദ്ധനയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി.
AA



