സ്വകാര്യ സ്കൂൾ അധ്യാപകരുടെ ലൈസൻസിംഗ് ഫീസ് സർക്കാർ വഹിക്കണം: ബഹ്‌റൈനിൽ പാർലമെന്റ് അംഗങ്ങളുടെ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്കൂൾ അധ്യാപകർ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിനായി നൽകേണ്ട 500 ദിനാർ പരിശീലന ഫീസ് ഒഴിവാക്കണമെന്നോ സർക്കാർ നേരിട്ട് വഹിക്കണമെന്നോ ആവശ്യപ്പെട്ട് പാർലമെന്റിൽ നിർദ്ദേശം സമർപ്പിച്ചു. എം.പി ഹനാൻ ഫർദാനും മറ്റ് നാല് ജനപ്രതിനിധികളുമാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
അധ്യാപകർക്ക് നിർബന്ധമായ 'ടീച്ചർ പ്രൊഫഷണലൈസേഷൻ പ്രോഗ്രാം' പൂർത്തിയാക്കാൻ നിലവിൽ വലിയൊരു തുക ചിലവാക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് എം.പി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്കൂൾ അധ്യാപകർക്ക് ഇതേ പരിശീലനം സൗജന്യമായാണ് നൽകുന്നത്.
പല സ്വകാര്യ സ്കൂൾ അധ്യാപകരുടെയും മാസശമ്പളത്തിന് തുല്യമായ തുകയാണ് പരിശീലനത്തിനായി നൽകേണ്ടി വരുന്നത്. തംകീൻ (Labour Fund) ഭാഗികമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബാക്കി വരുന്ന വലിയ തുക അധ്യാപകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. പരിമിതമായ സമയത്തിനുള്ളിൽ തുക കണ്ടെത്തേണ്ടി വരുന്നത് ഇവരുടെ ജോലിസ്ഥിരതയെയും മാനസികാവസ്ഥയെയും ബാധിക്കുന്നു.
സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് ലഭിക്കുന്നതിന് തുല്യമായ പരിശീലന സൗകര്യങ്ങളും തൊഴിൽ വളർച്ചയ്ക്കുള്ള പിന്തുണയും സ്വകാര്യ മേഖലയിലെ അധ്യാപകർക്കും ലഭ്യമാക്കണമെന്നും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്പെട്ട ഈ വിഭാഗത്തിന്റെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
dgdfg



