മേഖലാ സുസ്ഥിരതയും സമുദ്ര സുരക്ഷയും ഉറപ്പാക്കാൻ ബഹ്റൈനും ഒമാനും കൈകോർക്കുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സമുദ്ര സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ആവർത്തിച്ച് പ്രഖ്യാപിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും. ഞായറാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിലാണ് ഇരു ഭരണാധികാരികളും തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഒരേ നിലപാട് വ്യക്തമാക്കിയത്.
ഗൾഫ് മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം വിലയിരുത്തിയ നേതാക്കൾ, പ്രാദേശികവും അന്തർദ്ദേശീയവുമായ സമകാലിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ഇരുവരും എടുത്തുപറഞ്ഞു.
ആഗോള വ്യാപാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിനും സാമ്പത്തിക സുസ്ഥിരതയ്ക്കും സുരക്ഷിതമായ സമുദ്രപാതകൾ അത്യാവശ്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. പ്രാദേശികമായ പൊതുവിഷയങ്ങളിൽ തുടർന്നും ഏകോപനത്തോടെ പ്രവർത്തിക്കാനും പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളിൽ സഹകരണം വർദ്ധിപ്പിക്കാനും ഭരണാധികാരികൾ തീരുമാനിച്ചു.
sfsdf



