ഇറാനുമായി യുദ്ധസാധ്യത: സൈന്യത്തിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇസ്രായേൽ
പ്രദീപ് പുറവങ്കര I അന്തർദേശീയം
തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്താനിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാനെതിരായ സൈനിക നീക്കങ്ങൾ ഇസ്രായേൽ ശക്തമാക്കി. ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ സൈന്യത്തോട് യുദ്ധസജ്ജരാകാൻ ഉത്തരവിട്ടു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള മുൻകാല സൈനിക ഓപ്പറേഷനുകൾക്ക് മുന്നോടിയായി നടത്തുന്നതിന് സമാനമായ ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. സൈനിക ആസൂത്രണങ്ങളും നീക്കങ്ങളും വേഗത്തിലാക്കാനും വിവിധ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇറാന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളുടെ പട്ടിക ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം അതിവേഗം പുതുക്കി വരികയാണ്.
രാഷ്ട്രീയ തീരുമാനമുണ്ടായാൽ ഒട്ടും സമയം കളയാതെ ഇറാനിൽ കൃത്യമായ പ്രഹരമേൽപ്പിക്കാൻ സൈന്യത്തെ സജ്ജമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇറാന്റെ ഉള്ളറകളിലേക്ക് തുളച്ചുകയറി ആക്രമണം നടത്താൻ കെല്പുള്ള ദീർഘദൂര മിസൈലുകളും കൃത്യതയാർന്ന ആയുധശേഖരവും ഉൾപ്പെടുത്തി പുതിയ ആക്രമണ പദ്ധതികൾ വ്യോമസേന തയ്യാറാക്കിയിട്ടുണ്ട്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേൽ കൂടി യുദ്ധസജ്ജമായതോടെ പശ്ചിമേഷ്യയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.
aa




