ബഹ്റൈനിൽ കനത്ത മഴയും തണുപ്പും തുടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വിഭാഗം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിൽ ഇന്ന് ഉച്ചയോടെ ആരംഭിച്ച കനത്ത മഴ തുടരുന്നു. അറബിക്കടലിന് മുകളിലുണ്ടായ ന്യൂനമർദ്ദവും അതിനെത്തുടർന്നുള്ള തണുത്ത കാറ്റുമാണ് രാജ്യത്ത് കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. മിതമായതും ശക്തവുമായ മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ വരെ ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നലിന് സാധ്യതയുള്ളതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുറസ്സായ സ്ഥലങ്ങളിലും കടലിലും പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
മഴയോടൊപ്പം രാജ്യത്ത് തണുപ്പും ഗണ്യമായി വർദ്ധിച്ചു. നിലവിൽ താപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. വരും ദിവസങ്ങളിലും രാത്രികാലങ്ങളിൽ കടുത്ത തണുപ്പ് തുടരാനാണ് സാധ്യത. വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റിന്റെ വേഗത ചില സമയങ്ങളിൽ 27 നോട്ട്സ് വരെയാകാൻ സാധ്യതയുണ്ട്. കടലിൽ തിരമാലകൾ 3 മുതൽ 6 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.
ഈ ആഴ്ചയിലെ പരമാവധി താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 14 ഡിഗ്രിയും ആയിരിക്കും. വ്യാഴാഴ്ച പുലർച്ചെയോടെ തണുപ്പ് അതിന്റെ പരമാവധിയിൽ എത്തുമെന്നാണ് പ്രവചനം. ബുധനാഴ്ചയും ചിലയിടങ്ങളിൽ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട്.
aa


