ഇറാനിയൻ ആക്രമണത്തെ തകർത്ത് ബഹ്‌റൈൻ പ്രതിരോധ സേന; 73 മിസൈലുകളും 91 ഡ്രോണുകളും ആകാശത്ത് വെച്ച് നശിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ അതിക്രൂരമായ ഭീകരാക്രമണത്തെ അതിശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് തൊടുത്തുവിട്ട 73 ബാലിസ്റ്റിക് മിസൈലുകളും 91 ഡ്രോണുകളും ബി.ഡി.എഫിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് ജനറൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ ആകാശവും കടലും കരയും സംരക്ഷിക്കാൻ കെൽപ്പുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങളും സൈനിക കരുത്തും ബഹ്‌റൈനുണ്ടെന്നും ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ബി.ഡി.എഫ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ബി.ഡി.എഫ് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു. കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ആക്രമണം നടന്ന സ്ഥലങ്ങളോ അവശിഷ്ടങ്ങൾ വീണ ഇടങ്ങളോ സന്ദർശിക്കാനോ ഫോട്ടോ എടുക്കാനോ മുതിരരുതെന്നും സൈന്യം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും പോറലേൽപ്പിക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കത്തിനും എതിരെ തകർക്കാനാവാത്ത കവചമായി പ്രതിരോധ സേന നിലകൊള്ളും.
സിവിലിയൻ കേന്ദ്രങ്ങളെയും ജനങ്ങളെയും ലക്ഷ്യം വെച്ച് വിവേചനരഹിതമായി മിസൈലുകളും ഡ്രോണുകളും വർഷിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൈന്യം കുറ്റപ്പെടുത്തി. ലോകരാജ്യങ്ങൾ അംഗീകരിച്ച മാനുഷിക മൂല്യങ്ങളെ ഇറാൻ കാറ്റിൽ പറത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ ബഹ്‌റൈന് നിയമപരമായ അവകാശമുണ്ടെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് വ്യക്തമാക്കി.
dfsdf


