കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നു വീണ് മൂന്ന് മരണം, കനത്ത പ്രതിഷേധവുമായി തൊഴിലാളികള്‍
ഷീബ വിജയൻ
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. കോഴിക്കോട് ബീച്ചിന് സമീപമുള്ള കോർപ്പറേഷന്റെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അഞ്ച് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുകയാണ്. വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും. അപകടത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. അപകടത്തിൽ കോര്‍പ്പറേഷനതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
തകർന്നത് 1977 ൽ തുടങ്ങിയ കെട്ടിടമാണെന്നും 50 വർഷത്തെ പഴക്കമുണ്ടെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് എസ്‍കെ അബൂബക്കര്‍ പറഞ്ഞു. 1980 മുതൽ ഈ കെട്ടിടത്തിൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. മരിച്ചവർക്ക് നഷ്ട പരിഹാരവും പരിക്കേറ്റവരുടെ ചികിത്സ ചിലവും ഏറ്റെടുക്കണം അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024 ൽ പുതിയ കെട്ടിടത്തിന് ഡിപിആര്‍ തയ്യാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാൻ നിർദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു. ഇതേ കെട്ടിടത്തിൽ മാസങ്ങൾക്കു മുൻപ് പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ മുകളിൽ നേരത്തെ ഫിറ്റ്നസ് സെന്‍ററടക്കം പ്രവര്‍ത്തിച്ചിരുന്നു. അപകാടവസ്ഥയിലായിട്ടും കെട്ടിടം ഒഴിയാൻ നിര്‍ദേശം കൊടുക്കാത്തത് കോര്‍പ്പറേഷന്‍റെ അനാസ്ഥയാണെന്നാണ് പ്രതിപക്ഷ ആരോപണം.
DZASAS


