ന്യൂയോർക്കിൽ പുതുചരിത്രമെഴുതി സൊഹ്‌റാൻ മംദാനി മേയറായി ഔദ്യോഗികമായി സ്ഥാനമേറ്റു
ശാരിക / ന്യൂയോർക്ക്
അമേരിക്കൻ പുതുവർഷത്തിന്റെ ആദ്യ നിമിഷങ്ങളിൽ, ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സൊഹ്‌റാൻ മംദാനി മേയറായി ഔദ്യോഗികമായി സ്ഥാനമേറ്റു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന, നഗരത്തിന്റെ പ്രൗഢിയുടെ പ്രതീകമായ സിറ്റി ഹാൾ സബ്‌വേ സ്റ്റേഷനിലാണ് മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 1904-ൽ നിർമ്മിച്ച് 1945 മുതൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ ചരിത്ര സ്മാരകം തന്റെ സത്യപ്രതിജ്ഞാ വേദിയായി തെരഞ്ഞെടുത്തതിലൂടെ നഗരത്തിന്റെ പൈതൃകത്തെ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഈ ചടങ്ങിന് ശേഷം സിറ്റി ഹാളിന് പുറത്ത് നടക്കുന്ന വിപുലമായ ഔദ്യോഗിക ചടങ്ങിൽ നാൽപ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യൻ വംശജനും പ്രശസ്ത സംവിധായിക മീരാ നായരുടെ മകനുമായ മംദാനി, ന്യൂയോർക്കിന്റെ 111-ാമത്തെ മേയറായാണ് അധികാരമേൽക്കുന്നത്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിൽ മേയർ പദവിയിലെത്തുന്ന ആദ്യ മുസ്ലീം വംശജനും ആദ്യ സോഷ്യലിസ്റ്റുമാണ് അദ്ദേഹം. കൂടാതെ നഗരം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ബഹുമതിയും മംദാനിക്ക് സ്വന്തമാണ്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് അന്താരാഷ്ട്ര തലത്തിലും നഗരത്തിനുള്ളിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന വ്യക്തിത്വമാണ് മംദാനിയുടേത്. സാമ്പത്തിക പുനർവിതരണം, വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങിയ ജനകീയ വിഷയങ്ങൾക്കൊപ്പം കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും അവകാശങ്ങൾക്കായും അദ്ദേഹം ശബ്ദമുയർത്തുന്നു. ഇസ്രയേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, കാലാവസ്ഥാ സമത്വം, LGBTQ+ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മംദാനി സ്വീകരിച്ചിട്ടുള്ള സാമ്രാജ്യത്വ വിരുദ്ധവും മാനവികവുമായ നിലപാടുകൾ ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മംദാനിയുടെ ഭരണത്തിന് കീഴിൽ ന്യൂയോർക്ക് നഗരം കൂടുതൽ ഉൾക്കൊള്ളൽ സ്വഭാവമുള്ളതും സമത്വപൂർണ്ണവുമായ ഒരു ഭാവിയാണോ ലക്ഷ്യമിടുന്നത് എന്ന് ലോകം ഉറ്റുനോക്കുകയാണ്.
േ്ിേ്ി