റഷ്യ-യുക്രെയ്ൻ സംഘർഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങും; ട്രംപ്
ശാരിക / വാഷിങ്ടൺ
റഷ്യയും യുക്രെയ്നും തമ്മിലുള്ള നിലവിലെ സംഘർഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. കഴിഞ്ഞ മാസം മാത്രം യുദ്ധത്തിൽ ഏകദേശം 25,000 പേർ കൊല്ലപ്പെട്ടതായും, ഇതിൽ കൂടുതലും സൈനികരായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. തുടർച്ചയായ ഈ രക്തച്ചൊരിച്ചിലിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് ട്രംപ് ആവർത്തിച്ചു.
"കൊലപാതകം നിർത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികർ മരിച്ചു. അത് നിർത്തുന്നത് കാണാനായി ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്," ട്രംപ് പറഞ്ഞു. "ഇതുപോലുള്ള കാര്യങ്ങൾ മൂന്നാം ലോക മഹായുദ്ധങ്ങളിലാണ് അവസാനിക്കുക. ഇതും ഒരു മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കും. എല്ലാവരും ഇതുപോലുള്ള കളികളാണ് കളിക്കുന്നത്. അത് സംഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. മണിക്കൂറുകൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാകാത്തതിലും, റഷ്യയും യുക്രെയ്നും സമവായത്തിന് തയ്യാറാകാത്തതിലും ട്രംപ് കടുത്ത നിരാശയിലാണ്. നേരത്തെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും മോസ്കോയും കീവും തമ്മിൽ സമാധാന കരാറിലെത്താത്തതിൽ പ്രസിഡന്റ് അങ്ങേയറ്റം നിരാശനാണെന്ന് പറഞ്ഞിരുന്നു.
വെറും കൂടിക്കാഴ്ചകളിൽ ഏർപ്പെടാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും, ഒന്നും നേടാത്ത യോഗങ്ങളിൽ കാര്യമില്ലെന്നും അവർ വ്യക്തമാക്കി. നാല് വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മധ്യസ്ഥനായി പ്രവർത്തിക്കുകയാണ്, വെറും വാക്കുകളല്ല, ഫലപ്രാപ്തിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ലീവിറ്റ് പ്രസ്താവിച്ചു. "ഈ യുദ്ധത്തിന്റെ രണ്ടു വശങ്ങളിലുമുള്ളവരുടെ നിലപാടുകളിൽ പ്രസിഡന്റ് അങ്ങേയറ്റം നിരാശനാണ്. കൂടിക്കാഴ്ചക്ക് വേണ്ടി മാത്രം കൂടിക്കാഴ്ചകൾ നടത്തുന്നത് അദ്ദേഹത്തിന് മടുത്തിരിക്കുന്നു. കൂടുതലായി സംസാരിക്കാനല്ല, നടപടിയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു," ലീവിറ്റ് കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം സമാധാന ശ്രമങ്ങളിൽ സജീവമായി ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ട്രംപ് യൂറോപ്യൻ യൂണിയനിലെ നേതാക്കളുമായി ചർച്ചകൾ നടത്തി. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും സംഘവും ഇരുപക്ഷവുമായും നേരിട്ടുള്ള ചർച്ചകൾ തുടരുകയാണെന്നും അവർ അറിയിച്ചു.
sdfsf
