ഡ്രൈവർക്ക് ഹൃദയാഘാതം; ശിവസേന സ്ഥാനാർഥി സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് നാല് മരണം
ഷീബ വിജയ൯
മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശിവസേന വനിതാ സ്ഥാനാർഥി സഞ്ചരിച്ച കാറിൻ്റെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി നാല് പേർ മരിച്ചു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താനെയിലെ അംബർനാഥ് മേൽപ്പാലത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് ദാരുണമായ സംഭവം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ശിവസേന സ്ഥാനാർഥിയായ കിരൺ ചൗബെ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഭുവപാഡ പ്രദേശത്തേക്ക് പ്രചാരണത്തിനായി പോവുകയായിരുന്നു ഇവർ. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ലക്ഷ്മൺ ഷിൻഡേയ്ക്ക് ഹൃദയാഘാതമുണ്ടായതോടെ കാർ നിയന്ത്രണംവിട്ട് ഡിവൈഡർ തകർത്ത് എതിർദിശയിൽ വന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ ലക്ഷ്മൺ ഷിൻഡെ, മുനിസിപ്പൽ കൗൺസിൽ ജീവനക്കാരായ ചന്ദ്രകാന്ത് അനാർക്കെ (57), ഷൈലേഷ് ജാദവ് (47), നാട്ടുകാരൻ സുമിത് ചെലാനി (17) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ജാദവിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനാർക്കെ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. കിരൺ ചൗബേ, സഹായികളായ അമിത് ചൗഹാൻ, അഭിഷേക് ചൗഹാൻ എന്നിവരടക്കമുള്ളവർക്കാണ് പരിക്കേറ്റത്. കാറിൻ്റെ ഗ്ലാസ് തകർത്താണ് നാട്ടുകാർ കിരൺ ചൗബെയെ പുറത്തെടുത്തത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
adsasdas
