ജാവെലിൻ മിസൈലുകൾ ഉൾപ്പെടെ ഇന്ത്യക്ക് 826 കോടി രൂപയുടെ ആയുധം നൽകാൻ അമേരിക്ക
ഷീബ വിജയ൯
ന്യൂയോർക്ക്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പരിഹരിക്കുന്ന ഒരു വ്യാപാര കരാറിനായി ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെ, ഇന്ത്യാക്ക് 93 ദശലക്ഷം ഡോളറിൻ്റെ (ഏകദേശം 826 കോടി രൂപ) ആയുധങ്ങൾ നൽകാനുള്ള പദ്ധതിക്ക് അമേരിക്ക അംഗീകാരം നൽകി. എക്സ്കാലിബർ പ്രൊജക്ടൈലുകൾ, ജാവലിൻ മിസൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്.
ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലയിലെ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന പ്രധാന ശക്തിയാണ് ഇന്ത്യയെന്ന് വാഷിങ്ടൺ അഭിപ്രായപ്പെട്ടു. തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളി കൂടിയായ ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങൾ ഈ കരാർ ശക്തിപ്പെടുത്തുമെന്നും യു.എസ്. പ്രസ്താവന തുടർന്നു. ആയുധവ്യാപാരം സംബന്ധിച്ച് യു.എസ് കോൺഗ്രസിനെ ധരിപ്പിക്കാനുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ പ്രതിരോധ സുരക്ഷ സഹകരണ ഏജൻസി പൂർത്തിയാക്കിയിട്ടുണ്ട്. യു.എസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനും അമേരിക്കയുടെ വിദേശനയങ്ങൾക്കും ദേശീയ സുരക്ഷാ പരിഗണനകൾക്കും കരുത്ത് പകരാനും ഈ വിൽപന കാരണമാകുമെന്ന് ഏജൻസി അഭിപ്രായപ്പെട്ടു. 216 എക്സ്കാലിബർ പ്രൊജക്ടൈലുകളാണ് ഇന്ത്യ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾക്ക് ശക്തി പകരുന്നതിനായി 113 GE-F404 എഞ്ചിനുകൾക്കായി യു.എസ്. ഭീമനായ ജനറൽ ഇലക്ട്രിക്കുമായി ഒരു ബില്യൺ ഡോളറിലധികം (8,900 കോടി രൂപ) കരാറിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ കരാർ. ജാവലിൻ മിസൈൽ സംവിധാനം ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആധുനിക ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈൽ സംവിധാനമാണ്. ഇത് വിക്ഷേപിക്കുന്നതിന് മുമ്പ് ലക്ഷ്യം ലോക്ക് ചെയ്യാൻ കഴിയും.
fggfhghghjghj
