ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് ഹോപ്പ് പ്രീമിയർ ലീഗ് കിരീടം; കെ.എം.സി.സി. ഇസാ ടൗൺ റണ്ണർഅപ്പ്
പ്രദീപ് പുറവങ്കര
മനാമ: ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച വാർഷിക ക്രിക്കറ്റ് മാമാങ്കമായ ഹോപ്പ് പ്രീമിയർ ലീഗ് (എച്ച്.പി.എൽ.) ടൂർണമെന്റിന്റെ കിരീടം ഗ്ലോബൽ തിക്കോടിയൻസ് ഫോറം കരസ്ഥമാക്കി. ആവേശകരമായ ഫൈനലിൽ കെ.എം.സി.സി. ഇസാ ടൗൺ ടീമിനെ പരാജയപ്പെടുത്തിയാണ് തിക്കോടിയൻസ് ഫോറം ചാമ്പ്യന്മാരായത്. കെ.എം.സി.സി. ഇസാ ടൗൺ ഫസ്റ്റ് റണ്ണർ അപ്പും, വോയ്‌സ് ഓഫ് മാമ്പ, കൊല്ലം പ്രവാസി അസോസിയേഷൻ എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ബി.എം.സി.യുമായി സഹകരിച്ച് സംഘടിപ്പിച്ച ടൂർണമെന്റിൽ ബ്രോസ് & ബഡ്ഡീസും ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനും പങ്കാളികളായി.
സിഞ്ചിലെ അൽ അഹ്ലി സ്‌പോർട്‌സ് ക്ലബ്ബിൽ സംഘടിപ്പിച്ച മത്സരങ്ങൾ സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. കോട്ടയം പ്രവാസി ഫോറം, ബഹ്‌റൈൻ തൃശൂർ കുടുംബം, വോയ്‌സ് ഓഫ് മാമ്പ കണ്ണൂർ, കെ.എം.സി.സി. ഇസാ ടൗൺ ഉൾപ്പെടെ 12 പ്രമുഖ ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു.
മികച്ച പ്രകടനത്തിന് രഞ്ജിത്ത് കുമാറിനെ (ഗ്ലോബൽ തിക്കോടിയൻസ്) മാൻ ഓഫ് ദി സീരീസായും മാൻ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുത്തു. സോനു (വോയ്‌സ് ഓഫ് മാമ്പ) ബെസ്റ്റ് ബാറ്റ്‌സ് മാനായും, സി.പി. സൻഫീർ (കെ.എം.സി.സി- ഇസാ ടൗൺ) ബെസ്റ്റ് ബൗളറായും, ഷാമിൽ കൊയിലാണ്ടി (കെ.എം.സി.സി- ഇസാ ടൗൺ) ബെസ്റ്റ് കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്ക് സമ്മാനങ്ങൾ അൻസാർ മുഹമ്മദ്, സിബിൻ സലിം, ഷിബു പത്തനംതിട്ട, ജയേഷ് കുറുപ്പ് എന്നിവർ കൈമാറി. ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, സയ്യിദ് ഹനീഫ്, ലോക കേരള സഭാ അംഗങ്ങളായ ജേക്കബ് മാത്യു, ഷാജി മുതല എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ അറബിക് ഡാൻസ്, തരംഗിൻ്റെ മ്യൂസിക്കൽ ട്രീറ്റ് തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.
കൺവീനർ മുഹമ്മദ് അൻസാർ, കോ-ഓർഡിനേറ്റർ സിബിൻ സലിം, പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ടൂർണമെൻ്റ് വിജയകരമാക്കിയത്. ഹോപ്പ് പ്രീമിയർ ലീഗിൻ്റെ മൂന്നാം സീസണാണ് ഈ വർഷം അരങ്ങേറിയത്. നിരാലംബരായ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹോപ്പ് ബഹ്‌റൈൻ, വരും വർഷങ്ങളിലും ടൂർണമെന്റ് തുടരുമെന്നും അറിയിച്ചു.
sczc
