കാവലാനി ആന്റ് സൺസ് : ഐ.ടി. മേധാവി ജോർജ്ജിന് 25 വർഷത്തെ സേവനത്തിന് ആദരം

പ്രദീപ് പുറവങ്കര
മനാമ : ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കാവലാനി ആന്റ് സൺസിന്റെ ഡിജിറ്റൽ പരിവർത്തനത്തിലും വളർച്ചയിലും സുപ്രധാന പങ്കുവഹിച്ച ഐ.ടി. മേധാവി ജോർജ്ജ് കമ്പനിയിൽ 25 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷം ശ്രദ്ധേയമായി. ഹിദ്ദിലെ കമ്പനിയുടെ ആസ്ഥാനത്ത് വെച്ച് നടന്ന അനുമോദന ചടങ്ങിൽ കമ്പനി ഡയറക്ടർമാരായ മുകേഷ് കാവലാനി, ദേവ് കിഷൻ കാവലാനി, രാജ് ഗാന്ധി, പ്രശാന്ത് ഗാന്ധി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ തിരുവല്ല സ്വദേശിയായ ജോർജ്ജ് ഒരു യുവ ബിരുദധാരിയായിട്ടാണ് കാവിളാനി & സൺസിൽ ചേർന്നത്. കമ്പനി ഐ.ടി. മേഖലയിലേക്ക് കടന്നുവരുന്ന ഘട്ടത്തിൽ തന്നെ അദ്ദേഹത്തിൻ്റെ സേവനം ആരംഭിച്ചു.
ഡയറക്ടർ പ്രശാന്ത് ഗാന്ധിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ, കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ജോർജ്ജ് നിർണായക പങ്ക് വഹിച്ചു. മനാമ ഓഫീസിൽ ഏക ഐ.ടി. ജീവനക്കാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് സിത്രയിലെയും നിലവിലെ ഹിദ്ദിലെ കോർപ്പറേറ്റ് ഓഫീസിലെയും ഐ.ടി. അടിസ്ഥാന സൗകര്യ വികസനത്തിന് പിന്നിലെ പ്രധാന ചാലക ശക്തിയായി.
സഹപ്രവർത്തകരായ ശരത് ചന്ദ്രൻ, രാജേഷ് ബി.പി., ആനന്ദ്, മുഹമ്മദ് ബിലാൽ, നവീൻ രമേഷ് എന്നിവരാണ് ചടങ്ങിന് നേതൃത്വം നൽകിയത്.