ചാരവൃത്തിപ്രവർത്തനം: കുവൈത്ത് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്നു


കുവൈത്ത് സിറ്റി: ഇറാനിന്‍െറയും ഹിസ്ബുല്ലയുടെയും സഹായത്തോടെ കുവൈത്തിനെതിരെ ചാരവൃത്തി നടത്തിയ സംഭവത്തില്‍ 26 പേര്‍ പിടിയിലായതിനെ തുടര്‍ന്ന് കുവൈത്ത് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹിന്‍െറ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ഇറാനുമായും ഹിസ്ബുല്ലയുമായി ബന്ധം പുലര്‍ത്തുകയും ചെയ്തതിന് 25 സ്വദേശികളെയും ഒരു ഇറാനിയെയുമാണ് പബ്ളിക് പ്രോസിക്യൂഷന്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്‍െറ സുരക്ഷ അപകടത്തില്‍പെടുത്താവുന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രിസഭ അപലപിക്കുകയും ചെയ്തു. കഴിഞ്ഞമാസം വന്‍തോതില്‍ ആയുധശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളും മന്ത്രിസഭ ചര്‍ച്ചചെയ്തു.

രാജ്യത്തിന്‍െറ സുരക്ഷക്കും ജനങ്ങളുടെ ജീവനും ഭീതിയുയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പിടികൂടിയ സുരക്ഷാ ഏജന്‍സികളെ ബയാന്‍ പാലസില്‍ നടന്ന മന്ത്രിസഭാ യോഗം അനുമോദിച്ചു.
കുവൈത്തി പൗരന്മാരെയും പ്രവാസികളെയും ലക്ഷ്യംവെക്കുന്ന ഒരു ശ്രമവും അംഗീകരിക്കില്ളെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പുവരുത്താന്‍ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ കൈക്കൊള്ളും. അറബ് മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ ഐക്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed