പൊതുജനങ്ങള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്: അജ്ഞാത ഫോണ്‍ കോള്‍ നിസ്സാരമാക്കരുത്:

അബുദാബി: ദുബായില്‍ അജ്ഞാത ഫോണ്‍ കോളുകളും ഈമെയിലുകളും മെസേജുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന് പുറത്ത് നിന്നുവരുന്ന അറിയാത്ത ഫോണ്‍ കോളിനെ നിസ്സാരമായി വിട്ടുകളയരുതെന്നാണ് നിര്‍ദ്ദേശം. അജ്ഞാതരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുമ്പോള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ പേര്, പ്രായം, സാമ്പത്തിക വിശദാംശങ്ങള്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും പോലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ സൈറ്റുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്മാര്‍ട്ട് സേവനത്തിന്റെ ഉപയോക്താക്കള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അജ്ഞാത കോളുകള്‍ വരികയാണെങ്കില്‍ അല്‍ അമീന്‍ ബ്യൂറോ ടോള്‍ ഫ്രീ നമ്പറിലേക്ക് (00971) 8004888 വിളിച്ച് അറിയിക്കേണ്ടതാണ്.
അതേ നമ്പറിലേക്ക് ഫാക്‌സ് അയച്ചുകൊടുക്കാവുന്നതാണ്. alameen@alameen.gov.ae എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം. 4444 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊടുത്താലും അല്‍ അമീന്റെ സേവനം ലഭ്യമാകുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.