ആരോഗ്യ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കുവൈത്ത്


കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതു മൂലം കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുമെന്നു പ്രതീക്ഷിക്കുന്നതായും ആരോഗ്യ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുവൈറ്റ് സര്‍ക്കാര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മന്ത്രിസഭ യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ: ബാസില്‍ അല്‍ സബ രാജ്യത്തെ ആരോഗ്യനില വിശദീകരിച്ചു. പൊതുജനം ശാരീരിക അകലം പാലിക്കാന്‍ അമാന്തം കാണിച്ചതാണ് ഇപ്പോയത്തെ കൊറോണ വര്‍ദ്ധനക്ക് കാരണമെങ്കിലും രാജ്യത്തെ ആരോഗ്യ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ അണുബാധകളുടെ എണ്ണം കുറയുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് മുഖാവരണവും സംരക്ഷണ വസ്ത്രങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രിസഭയെ അറിയിച്ചു. അഴിമതികളും കുറ്റകൃത്യങ്ങളും തെളിയിക്കുന്ന വിവരങ്ങളോ രേഖകളോ ഉണ്ടെങ്കില്‍ അത് സമര്‍പ്പിക്കേണ്ടത് നിയമ വകുപ്പിനും അഴിമതി വിരുദ്ധ അതോറിറ്റിക്കുമാണ്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്കര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്കി. അതിനിടെ കര്‍ഫ്യൂ അവസാന ദിവസമായ മെയ് 30ന് ശേഷം ബുധനാഴ്ച നടക്കാനിരിക്കുന്ന ദേശീയ അസംബ്ലിയുടെ സമ്മേളനം കൊറോണ പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ മന്ത്രിസഭ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed