കുവൈത്തിൽ തൊഴിൽ നിയമത്തിൽ സമൂല മാറ്റം വരുത്തിയേക്കും

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുവൈത്തിലെ തൊഴിൽ നിയമത്തിൽ സമൂലമായ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട് . ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കുവൈത്തിന്‍റെ ദേശീയ അംസംബ്ലി ഉടൻ ചേരുമെന്നും സൂചനയുണ്ട്. തൊഴിൽ നിയമത്തിലെ നിർദ്ദിഷ്ട മാറ്റങ്ങളിൽ താൽക്കാലിക ശന്പളം വെട്ടിക്കുറയ്ക്കൽ, പ്രത്യേക അവധി, തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിവ ഉൾപ്പെടുന്നതായി കുവൈത്ത് സർവകലാശാലയിലെ സ്കൂൾ ഓഫ് ലോ പ്രൊഫസർ അനസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
പ്രകൃതി ദുരുന്തങ്ങളും ദേശീയ പ്രതിസന്ധികളും പോലുളള സാഹചര്യങ്ങളിൽ തൊഴിലുടമക്ക് തൊഴിലാളിയുടെ വേതനം കുറയ്ക്കാനും തൊഴിൽ കരാറിൽ നിന്നും പിന്മാറാനും നിലവിലെ തൊഴിൽ നിയമങ്ങളിൽ തന്നെ പരിമിതമായ വ്യവസ്ഥകളുണ്ട്. നിലവിലെ തൊഴിൽ നിയമ പ്രകാരം തൊഴിലാളിയുമായി ബന്ധമില്ലാത്ത മറ്റേതെങ്കിലും കാരണങ്ങളാൽ സ്ഥാപനത്തിലെ ജോലി പൂർണമായും ഭാഗികമായോ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന കാലയളവുകളിലും തൊഴിലുടമ ജീവനക്കാരന്‍റെ പ്രതിഫലം നൽകണമെന്നാണ് നിയമം. ഈ വ്യവസ്ഥകളിൽ മാറ്റം വേണമെന്നാണ് തൊഴിലുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് ജീവനക്കാരനെ വാർഷിക അവധി എടുക്കാൻ നിർബന്ധിക്കാൻ കഴിയില്ല. ജീവനക്കാരൻ ആവശ്യപ്പെട്ടാൽ ശന്പളമില്ലാത്ത അവധി നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതോടൊപ്പം തൊഴിലാളിയുടെ സമ്മതമില്ലാതെ ശന്പളമില്ലാത്ത അവധി എടുക്കാൻ കന്പിനികൾക്ക് ജീവനക്കാരനെ നിർബന്ധിക്കുവാനും സാധിക്കില്ല.
രാജ്യത്തെ നിയമമനുസരിച്ച് ജീവനക്കാരന് 30 ദിവസത്തെ വാർഷിക അവധി ലഭിക്കും. കന്പിനി അംഗീകരിക്കുകയാണെങ്കിൽ രണ്ടു വർഷത്തെ വാർഷികാവധി ഒരുമിച്ച് എടുക്കാനും ഇപ്പോഴത്തെ തൊഴിൽ നിയമമനുസരിച്ച് സാധ്യമാണ്. കൊറോണ പ്രതിസന്ധി പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തൊഴിലുടമക്ക് പൂർണ തീരുമാനമെടുക്കാൻ സഹായകരമാകുന്ന വ്യവസ്ഥകളാണ് നിർദ്ദിഷ്ട നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചനകൾ. ദുരന്തങ്ങളും പ്രതിസന്ധികളും പോലുള്ള സാഹചര്യങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടാൻ തൊഴിലുടമയെ അനുവദിക്കുമെങ്കിലും കുറഞ്ഞത് ഒരു മാസം മുന്പെങ്കിലും വിവരം തൊഴിലാളിയെ അറിയിക്കണം. അതോടൊപ്പം ജീവനക്കാരന്‍റെ സേവന ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും നൽകുകയും വേണം.
പകുതി ശന്പളത്തോടുകൂടിയ 15 ദിവസം അല്ലെങ്കിൽ 30 ദിവസത്തെ ജോലിയും വേതനത്തിന്‍റെ മുക്കാൽ ഭാഗവും നൽകുക , അതോടൊപ്പം ശന്പളമില്ലാതെ തൊഴിലാളികൾക്ക് അവധി തുടങ്ങിയ നിരവധി നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.