കുവൈത്തിൽ 80 പേർക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തിൽ 45 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 1234 ആയി. പുതുതായി ഒന്പത് പേർ ഉൾപ്പെടെ 142 പേർ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. ബാക്കി 1091 പേർ ചികിത്സയിലുണ്ട്. ഇതിൽ 29 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇന്നലെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 45 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 679 ആയി ഉയർന്നു. ബ്രിട്ടനിൽനിന്നെത്തിയ കുവൈത്തിക്കും നേരത്തെ സ്ഥിരീകരിച്ചവരിൽനിന്ന് പകർന്ന 71 പേർക്കും ഏതുവഴിയാണ് പകർന്നതെന്ന് കണ്ടെത്തിയിട്ടില്ലാത്ത എട്ടുപേർക്കുമാണ് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് കുവൈത്തികൾ, മൂന്ന് ഇന്ത്യക്കാർ, രണ്ട് ഈജിപ്തുകാർ എന്നിവർക്കാണ് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താനുള്ളത്.