കുവൈത്തിൽ ഇഖാമ നിയമലംഘകരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇഖാമ നിയമലംഘകരുടെ വാർഷിക നിരക്കിൽ വർദ്ധനയെന്ന് റിപ്പോർട്ട്. സെൻട്രൽ സെൻസസ് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണിക്കാര്യം വ്യക്തമാകുന്നത്. പ്രതിവർഷം ശരാശരി 2700 വിദേശികൾ ഇഖാമ നിയമം ലംഘിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇഖാമ നിയമലംഘകർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്പോഴും രാജ്യത്ത് ഇത്തരക്കാരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതായാണ് സെൻസസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2014 മുതൽ 2017 വരെ ശരാശരി ഓരോ വർഷവും 2700 വിദേശികളാണ് ഇഖാമ നിയമം ലംഘിക്കുന്നത്. 2014ൽ 20847 പേരാണ് ഇഖാമ നിയമ ലംഘനത്തിന് പിടിക്കപ്പെട്ടത്. എന്നാൽ, 2017ൽ ഈ കേസിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം 31642 ആയി ഉയർന്നു. നാല് വർഷത്തിനിടയിൽ 10795 പേർ പുതുതായി ഇഖാമ നിയമലംഘകരായി മാറി.
ഗാർഹിക വിസക്കാരാണ് ഈ നിയമലംഘനത്തിന് കൂടുതൽ പിടിയിലായത്. 2017ലെ കണക്കുകൾ പ്രകാരം 65.61 ശതമാനവുമായി ഇന്ത്യയുൾപ്പെട്ട ഏഷ്യൻ രാജ്യക്കാരാണ് ഇഖാമ ലംഘനത്തിന്റെ കാര്യത്തിൽ മുന്നിൽ. 22.46 ശതമാനവുമായി അറബ് വംശജരാണ് രണ്ടാം സ്ഥാനത്ത്. ആഫ്രിക്ക, യൂറോപ്പ്, വടക്കൻ അമേരിക്ക, തെക്കൻ അമേരിക്ക, മറ്റ് രാജ്യങ്ങൾ തുടങ്ങിയവയാണ് യഥാക്രമം ഇക്കാര്യത്തിൽ തുടർന്നുള്ളത്.
2016−2017 കാലത്ത് ഇഖാമ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. 2016ൽ 36251 പേരാണ് ഇഖാമ റദ്ദാക്കിയിരുന്നതെങ്കിൽ 2017ൽ ഇത് 39909 ആയി ഉയർന്നു. 22ാം നന്പർ ആശ്രിതവിസയിലുള്ളവരാണ് ഇഖാമ റദ്ദാക്കിയവരിൽ അധികവും.