ഹൂതി വിമതർക്ക് ഇറാൻ സഹായം നൽകുന്നതായി യു.എ.ഇ സായുധസേന

ദുബൈ : ഹൂതി വിമതർക്ക് ഇറാൻ സഹായം നൽകുന്നതായി യു.എ.ഇ സായുധസേന. തെളിവുകൾ നിരത്തിയാണ് യു.എ.ഇ സേന ഇക്കാര്യം വ്യക്തമാക്കിയത്. യെമെനിൽ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന യു.എ.ഇ സേന ഹൂതി ഭീകരരിൽനിന്ന് കണ്ടെത്തിയ ആയുധങ്ങളും ഉപകരണങ്ങളും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും സായുധ സേനയുമാണ് പുറത്തുവിട്ടത്.
ഇറാനുമായി നേരിട്ടുബന്ധപ്പെടുത്താവുന്ന തെളിവുകളുള്ള മാരക ആയുധങ്ങളും ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ഇത് ഐക്യരാഷ്ട്രസഭയുടെ ഏജൻസികളുടെ പരിശോധനകൾക്കുശേഷമാണ് സ്ഥിരീകരിച്ചത്. സഖ്യസേനയുടെ യെമെനിലെ പ്രവർത്തനങ്ങൾക്കിടയിൽ ഇതിനോടകം 30,000 കുഴിബോംബുകളാണ് കണ്ടെത്തി നിർവീര്യമാക്കിയതെന്ന് സേന വക്താവ് വ്യക്തമാക്കി. ഹൂതി ഭീകരർക്ക് ഇറാൻ നൽകുന്ന വഴിവിട്ട സേവനം ഐക്യരാഷ്ട്രസഭ സുരക്ഷാകൗൺസിലേർപ്പെടുത്തിയ ചട്ടലംഘന മാണെന്ന് യു.എ.ഇ സേന അറിയിച്ചു.
പിടിച്ചെടുത്ത ആയുധങ്ങളും യുദ്ധസാമഗ്രികളും കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് സായുധസേന പിന്തുടരുന്നത്. കണ്ടെടുത്ത ആളില്ലാ ചെറുവിമാനങ്ങൾ, ആന്റി ടാങ്ക് മിസൈലുകൾ, റോക്കറ്റ്, ഡ്രോണുകൾ, കുഴിബോംബുകൾ തുടങ്ങിയവയെല്ലാം ഇറാനിൽ നിന്നുതന്നെ വന്നതാണെന്ന് ഐക്യരാഷ്ട്രസഭയിലെയും യു.എസിൽ നിന്നുമടക്കമുള്ള വിദഗ്ദ്ധർ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
യെമെനിലെ ജനജീവിതത്തിന് സുരക്ഷയുറപ്പിക്കുന്നതോടൊപ്പം കുഴിബോംബുകൾ കണ്ടെടുത്ത് നിർവീര്യമാക്കുന്നതിനടക്കമുള്ള പരിശീലനം യെമെൻ സേനയ്ക്ക് നൽകാനും യു.എ.ഇ സായുധസേന സജീവമാണ്. ജനങ്ങൾക്ക് സഹായവുമായെത്തുന്ന കപ്പലുകൾക്കടക്കം ഭീഷണിയുയർത്തുന്ന ഹൂതി ശ്രമങ്ങൾക്കെതിരേ പോരാട്ടം തുടരുമെന്നും സേനാ വക്താവ് വ്യക്തമാക്കി.