യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പിൻമാറി

വാഷിംഗ്ടൺ : ഇസ്രായേൽ വിരുദ്ധത ആരോപിച്ച് അമേരിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്നും പിൻമാറി. കൗൺസിൽ ഇസ്രായേലിനെ അകറ്റി നിർത്തുകയാണെന്നും കൗൺസിൽ രാഷ്ട്രീയ പക്ഷപാതത്തിന്റെ അഴുക്കുചാലിൽ പതിച്ചിരിക്കുകയാണെന്നും യു.എസിന്റെ യു.എൻ പ്രതിനിധി നിക്കി ഹാലേ വ്യക്തമാക്കി.
ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണ്. മനുഷ്യവകാശങ്ങളെ പരിഹസിക്കുന്ന സന്നദ്ധ സംഘടനകളുടെ ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന രാജ്യങ്ങൾ കൗൺസിലുണ്ട്. ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്പോൾ ഇസ്രയേലിനെതിരെയാണ് കൂടുതൽ തവണ സംഘടന നടപടിയെടുത്തതെന്നും ഹേലി കുറ്റപ്പെടുത്തി.
2006ൽ അമേരിക്കൻ പ്രസിഡണ്ട് ജോർജ് ഡബ്ലു ബുഷാണ് മനുഷ്യാവകാശ കൗൺസിലിന് തുടക്കമിട്ടത്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന 47 രാജ്യങ്ങളുടെ കൂട്ടായ്മായാണ് മനുഷ്യാവകാശ കൗൺസിൽ. വർഷത്തിൽ മൂന്ന് തവണയാണ് മനുഷ്യാവകാശ കൗൺസിൽ കൂടുന്നത്. ലോകത്തെ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് ഈ കൂടിക്കാഴ്ച. അഭയാർത്ഥി കുട്ടികളെ മാതാപിതാക്കളിൽനിന്നു വേർപിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയും കഴിഞ്ഞ ദിവസങ്ങളിൽ യു.എന്നിന്റെ വിമർശനത്തിനു വിധേയമായി. ഇതും അമേരിക്കയുടെ പിൻമാറ്റത്തിനു കാരണമായതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ പിൻമാറ്റം നിരാശാജനകമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശ കൗൺസിലിൽ യു.എസ് തുടരണമെന്നതാണ് യു.എന്നിന്റെ താൽപ്പര്യമെന്നും ഗുട്ടെറസ് പറഞ്ഞു.