കസ്റ്റംസ് പരിശോധനയ്ക്ക് ആധുനിക സംവിധാനങ്ങളുമായി കുവൈത്ത് വിമാനത്താവളം

കുവൈത്ത് സിറ്റി : കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്ക് ആധുനിക പരിശോധനാ സംവിധാനം വ്യാഴാഴ്ച നിലവിൽ വരും. വയർലെസ് ഇലക്ട്രോമാഗ്നറ്റിക് ഫ്രിക്വൻസി (ആർ.എഫ്.ഐ.ഡി) ഉപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയുന്ന സംവിധാനമാണ് കസ്റ്റംസ് വിഭാഗത്തിൽ ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ ഇറങ്ങുന്നവരെ സ്വീകരിക്കാൻ അത്തരത്തിൽ നാല് ഗേറ്റുകൾ ഉണ്ടാകുമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് മേധാവി ജമാൽ അൽ ജലാവി അറിയിച്ചു.
ഹാൻഡ് ബഗേജ് ഇല്ലാതെ വരുന്ന യാത്രികർക്ക് ഗ്രീൻ ചാനലിനു സമാനം ഇറങ്ങിവരാവുന്നതാകും ഒരു ഗേറ്റ്. ലഗേജ് കൈവശമുള്ളവർക്ക് കടന്നുവരാനുള്ളതാണ് മറ്റ് മൂന്ന് ഗേറ്റുകൾ. വിമാനത്താവളത്തിൽ എത്തുന്ന യാത്രികരുടെ നീക്കം എളുപ്പമാക്കുന്നതിന് പുതിയ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭവന-സേവന കാര്യമന്ത്രി ജിനാൻ അൽ ബുഷാഹരി കഴിഞ്ഞ ദിവസം വിമാനത്താവളം സന്ദർശിച്ച് പുതിയ സംവിധാനം വിലയിരുത്തി. നിയമവിധേയമല്ലാത്ത സാധനങ്ങൾ കൊണ്ടുവരുന്നത് തടയാൻ പുതിയ സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കസ്റ്റംസ് വിഭാഗത്തിൽ മികച്ച സേവനം കാഴ്ചവയ്ക്കാൻ വനിതാ ജീവനക്കാർക്ക് കഴിയുമെന്ന് മന്ത്രി ജിനാൻ പറഞ്ഞു.
പരിശോധനാ വിഭാഗത്തിൽ വനിതാ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പുരുഷന്മാർ മാത്രം കൈയടക്കിവച്ചിരുന്ന പല തൊഴിൽ മേഖലകളിലും വനിതകളും കഴിവ് തെളിയിച്ചതായും മന്ത്രി പറഞ്ഞു. അതേസമയം രാജ്യാന്തര വിമാനത്താവളത്തിൽ നിർമ്മാണം പൂർത്തിയായിവരുന്ന ടെർമിനൽ-4 പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് സന്ദർശിച്ചു. ടെർമിനൽ ജൂലൈ ആദ്യം ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. നിശ്ചിത സമയത്തിനകം നിർമ്മാണം പൂർത്തിയാക്കുന്നതിൽ അധികൃതരെയും തൊഴിലാളികളെയും പ്രധാനമന്ത്രി പ്രശംസിച്ചു