വിപണിയിലെ വില നിലവാരം : നിരീക്ഷണം ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി : വിപണിയിലെ വിലനിലവാരം സംബന്ധിച്ചു വാണിജ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. റമസാൻ പ്രമാണിച്ചു നിത്യോപയോഗ സാധനങ്ങൾക്കു കൃത്രിമക്ഷാമവും അതിന്റെ മറവിൽ വിലക്കയറ്റവും ഉണ്ടാക്കുന്നതു കണ്ടെത്താനും തടയാനും നടപടി സ്വീകരിച്ചതായി മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഈദ് അൽ റഷീദി അറിയിച്ചു.
വിപണിയിൽ എല്ലായിടത്തും നിരീക്ഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. കോ ഓപ്പറേറ്റീവ് സ്റ്റോറുകൾ, മാളുകൾ തുടങ്ങി എല്ലാ കച്ചവടസ്ഥാപനങ്ങളും നിരീക്ഷണ വിധേയമായിരിക്കും. പരാതികൾ സ്വീകരിക്കാൻ മന്ത്രാലയത്തിൽ ഹോട്ട്‌ലൈൻ (നന്പർ 135) സംവിധാനവും സദാ സജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റമദാന്റെ മുന്നോടിയായി രാജ്യാന്തര പ്രദർശനനഗരിയിൽ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും തുടങ്ങി. 15വരെ നീണ്ടുനിൽക്കും. 250 സ്ഥാപനങ്ങളിൽ നിന്നുള്ള ഒട്ടേറെ വസ്തുക്കൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്. കുവൈത്ത് ഇന്റർനാഷനൽ എക്സിബിഷൻ കന്പനിയാണു പ്രദർശനം ഒരുക്കിയിട്ടുള്ളത്.
റമദാൻ പ്രമാണിച്ചു കച്ചവടസ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന പ്രമോഷൻ പദ്ധതികളുടെ മേൽനോട്ടത്തിനും ലൈസൻസ് നൽകുന്നതിനും മന്ത്രാലയത്തിലെ ചില വകുപ്പുകൾ രണ്ടുമണിമുതൽ നാലുമണിവരെ പ്രത്യേകമായി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.