കുവൈത്തിൽ നിയമലംഘകർക്ക് അഭയം നൽകിയാൽ 1000 ദിനാർ പിഴ

കുവൈത്ത് സിറ്റി : ഇഖാമ നിയമലംഘകർക്കും സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടുന്നവർക്കും അഭയം നൽകുന്നവർക്ക് 1000 ദിനാർ പിഴ ചുമത്തും. ആഭ്യന്തര, സാമൂഹിക−തൊഴിൽ, വാണിജ്യ−വ്യവസായ മന്ത്രാലയങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതി ഇതുസംബന്ധിച്ചു തീരുമാനമെടുത്തിട്ടുണ്ടെന്നു താമസാനുമതികാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. നിയമലംഘന പ്രവണത കുറയ്ക്കുന്നതിനും നിയമലംഘകരെ പിഴയടച്ചു താമസാനുമതി സാധുതയുള്ളതാക്കാൻ പ്രേരിപ്പിക്കുന്നതിനുമാണ് അഭയം നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമലംഘകർ പിടിക്കപ്പെട്ടാൽ കുവൈത്തിൽ തിരിച്ചുവരാൻ കഴിയാത്തവിധം കരിന്പട്ടികയിൽപെടുത്തി നാടുകടത്തുമെന്നു തലാൽ അൽ മറാഫി അറിയിച്ചു. വിവിധ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കം വിദേശികൾക്കെതിരായുള്ളതല്ല. സേവനത്തിനുള്ള ഫീസ് വർധന വിദേശികൾക്കു മാത്രമല്ല, സ്വദേശികൾക്കും ബാധകമാണ്. 40 വർഷമായി ഫീസ് വർദ്ധന ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വിദേശികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം പരിഗണനയിലുണ്ട്. ഇത് നടപ്പാക്കാൻ വിവിധ കന്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്. യോഗ്യരായവരെ കണ്ടെത്തി ചുമതല ഏൽപിക്കും. ഈ സംവിധാനം വരുന്നതോടെ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാൻ സാധിക്കും.
സാന്പത്തികമായും അതു ഗുണകരമാണ്. പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്ന രീതിക്കു പകരം പുതിയ സെക്യൂരിറ്റി കാർഡും പരിഗണനയിലുണ്ട്. സന്ദർശക വിസയ്ക്കും ഇഖാമയ്ക്കും ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറല്ലയുടെയും പാർലമെന്റിന്റെയും അംഗീകാരത്തോടുകൂടി മാത്രമേ നടപ്പാക്കൂ.
പുതിയ കണക്കുകൾ പ്രകാരം കുവൈത്തിൽ 27.53 ലക്ഷം വിദേശികളുണ്ടെന്നു താമസാനുമതികാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. അവരിൽ 9.25 ലക്ഷം ഇന്ത്യക്കാരാണ്. 6.05 ലക്ഷം ഈജിപ്‌തുകാരും 2.57 ലക്ഷം ഫിലിപ്പീൻസുകാരും 2.41 ലക്ഷം ബംഗ്ലദേശുകാരും 1.44 ലക്ഷം സിറിയക്കാരും 1.07 ലക്ഷം പാക്കിസ്ഥാൻകാരുമാണ്.