വെള്ളിയാഴ്ചകളിൽ ഗ്ലോബൽ വില്ലേജിൽ പ്രവേശനം ഉച്ചയ്ക്ക് രണ്ട് മുതൽ

ദുബൈ : സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു രണ്ടു മുതൽ പ്രവേശനം അനുവദിക്കും. ശനി മുതൽ ബുധൻ വരെ വൈകിട്ടു നാലുമുതൽ രാത്രി 12.00 വരെയാണു പ്രവേശനം. വ്യാഴാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും രാത്രി 1.00 വരെ പ്രവേശനം അനുവദിക്കും.
തിങ്കളാഴ്ചകളിൽ വനിതകൾക്കും കുടുംബമായി വരുന്നവർക്കും മാത്രം. ഗ്ലോബൽ വില്ലേജിൽ വിപുലമായ പുതുവത്സര ആഘോഷം ഉണ്ടാകും. കരിമരുന്നു പ്രയോഗവും പ്രത്യേക കലാപരിപാടികളും നടക്കും. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ പവിലിയനുകളെ ബന്ധിപ്പിച്ചാണ് ഇത്തവണത്തെ പുതുവൽസരാഘോഷം.
അതേസമയം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് എമിറേറ്റിലെ 3000 റിട്ടെയിൽ ഔട്ട്ലെറ്റുകൾ 90 ശതമാനം വരെ വിലക്കിഴിവിന്‍റെ പന്ത്രണ്ടു മണിക്കൂർ സൂപ്പർസെയിൽ നടത്തി. അടുത്തമാസം ഒന്നു മുതൽ മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നതിനു മുന്നോടിയായാണിത്. വസ്ത്രങ്ങൾ പാദരക്ഷകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങളെല്ലാം സ്വന്തമാക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.