റസ്റ്റോറന്റുകളിലെ അനധികൃത ക്യാബിനുകൾ നീക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി : കഫെകളിലും റസ്റ്റോറന്റുകളിലുമുള്ള അനധികൃത ക്യാബിനുകൾ നീക്കം ചെയ്യണമെന്ന് മുനിസിപ്പൽ അധികൃതരുടെ കർശന നിർദ്ദേശം. ചിലയിടങ്ങളിൽ നിയമവിരുദ്ധമായി ഇത്തരം ക്യാബിനുകൾ ഉള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റിയിലെ ഫർവാനിയ, ജഹ്‌റ മേഖല ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫഹദ് അൽ ഷുതൈലി അറിയിച്ചു.
റസ്റ്റോറന്റുകളിലും കഫെ കളിലും ക്യാബിനുകൾ സ്ഥാപിക്കുന്നതിനു ചില മാനദണ്ധങ്ങളുണ്ട്. അവ പാലിക്കാത്ത മുഴുവൻ നിർമ്മാണങ്ങളും നിയമവിരുദ്ധമായി കണക്കാക്കും. കാബിൻ നിർമ്മിക്കുന്നതിനുള്ള വസ്തു ലൈറ്റ്‌വെയ്‌റ്റ് ആയിരിക്കണം.
ക്യാബിന്റെ നീളം ഒരു സാഹചര്യത്തിലും രണ്ടുമീറ്ററിൽ കൂടാൻ പാടില്ല. ക്യാബിന്റെ വാതിലിന് ഒരുമീറ്ററിൽ കൂടുതൽ ഉയരം പാടില്ല. തറനിരപ്പിൽനിന്ന് അരമീറ്റർ ഉയരത്തിലായിരിക്കണം വാതിലെന്നും വ്യവസ്ഥയുണ്ട്. നിയമവിധേയമല്ലാത്ത കാബിനുകൾ പൊളിച്ചുനീക്കാൻ കഫെകൾക്കും റസ്റ്ററന്റുകൾക്കും 48 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം സ്ഥാപനം അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.