ലോകത്തിലെ ഏറ്റവും വലിയ പാലം കുവൈറ്റിൽ ഒരുങ്ങുന്നു

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലത്തിന്‍റെ നിർമാണം കുവൈറ്റിൽ പൂർത്തിയാകുന്നു. 36 കിലോമീറ്റർ ആണ് പാലത്തിന്റെ നീളം. പുരാതന സിൽക്ക് റോഡ് വ്യാപാര ഇടനാഴി പുനഃരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിർമ്മിക്കുന്നത്.
പാലത്തിന്‍റെ നിർമാണം പൂർത്തിയാകുന്പോൾ 10,000 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അധികം ആൾപ്പാർപ്പില്ലാത്ത സുബ്ബിയ പ്രദേശമാണ് സിൽക്ക് നഗരം നിർമിക്കുന്നതിനായി കുവൈറ്റ് കണ്ടെത്തിയിരിക്കുന്നത്.
പാലത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ കുവൈറ്റ് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ഒന്നരമണിക്കൂർ നീണ്ട യാത്രാസമയം 20-25 മിനിറ്റ് ആയി ചുരുങ്ങും.
ഗൾഫിൽനിന്നു മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള വ്യാപാരത്തെയും പാലം ഉത്തേജിപ്പിക്കുമെന്നാണ് കരുതുന്നത്. സിൽക്ക് നഗരത്തിന്‍റെ നിർമാണത്തിനു മുന്നോടിയായി 5,000 മെഗാവാട്ടിന്‍റെ ഉൗർജ പ്ലാന്‍റ് സുബ്ബിയയിൽ നിർമിച്ചുകഴിഞ്ഞു. പാലത്തിന്‍റെ ഭൂരിഭാഗം നിർമാണപ്രവർത്തനങ്ങളും പൂർത്തിയായതായും കുറച്ചു മാസങ്ങൾക്കുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുവൈറ്റ് ഭരണസമിതി വൃത്തങ്ങൾ അറയിച്ചു.