കളമശേരി ബോംബ് സ്ഫോടനം; കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി

കളമശേരിയിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കൊടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം സ്ഫോടനത്തിൽ സാരമായി പരിക്കേറ്റ് ഐ.സി.യുവിൽ ചികിത്സയിലുള്ളത് 18 പേരാണ്. ഇവരിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 52 പേരാണ്. 30 പേരാണ് നിലവിൽ ആശുപത്രിയിൽ തുടരുന്നത്. എറണാകുളം മെഡിക്കൽ കോളജിൽ 10 പേർ ഐ.സി.യുവിലുണ്ട്. വാർഡിലുള്ള 10 പേരെ വൈകീട്ടോടെ ഡിസ്ചാർജ് ചെയ്യും. രാജഗിരി, സൺറൈസ്, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലാണ് ഐ.സി.യുവിലുള്ള മറ്റ് രോഗികൾ. ലഭ്യമായ എല്ലാ ആധുനിക ചികിത്സയും പരിക്കേറ്റവർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞു. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് പ്ലാസ്റ്റിക് സർജന്മാർ ഉൾപ്പെടെ വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക് എത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. മരിച്ച സ്ത്രീയുടെ വിശദവിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. ഇവരുടെ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം പുറത്തുവിടും. 12 വയസുള്ള കുട്ടിക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. വെന്‍റിലേറ്റർ സഹായത്തോടെയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
cxzcxzcxzcxzcxz