സംവാദ ക്ഷണത്തിന് യുഡിഎഫിന് കൃത്യമായ മറുപടിയില്ലെന്ന് ജെയ്ക് സി തോമസ്

വികസന വിഷയത്തിലെ സംവാദ ക്ഷണത്തിന് യുഡിഎഫിന് കൃത്യമായ മറുപടിയില്ലെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. യുഡിഎഫ് സ്ഥാനാർഥി പറയുന്ന വേദിയിൽ എത്തും. സംവാദത്തിന് യുഡിഎഫ് തയ്യാറല്ലെന്ന് വ്യക്തമാണ്. എൽഡിഎഫ് ഉയർത്തിയ മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ യുഡിഎഫിന് കൃത്യമായ മറുപടിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
കിടങ്ങൂർ പഞ്ചായത്തിലെ സഖ്യം പുതുപ്പള്ളിയിലെ വോട്ട് കച്ചവടത്തിൻ്റെ മിനി പരീക്ഷണമാണ്. മണിപ്പൂരിൽ കലാപത്തിന് പിന്തുണ നൽകിയവരുമായി യുഡിഎഫ് കൈകോർക്കുന്നു. രാഷ്ട്രീയം പറയാൻ കഴിയാത്തതിനാൽ വ്യക്തിപരമായ പരിഹാസം നടത്തുകയാണെന്നും ജെയ്ക് പറയുന്നു. എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എൽഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടനം പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാർ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.
കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ പറഞ്ഞു.
asdadsxadsads