കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 59 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 59 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് പൊലീസ് പിടികൂടിയത്. സ്വർണം കൊണ്ടുവന്ന മലപ്പുറം വേങ്ങര സ്വദേശി ശംസുദ്ദീനെ(29) പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്നാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഒരു കിലോയിലധികം വരുന്ന 24 ക്യാരറ്റ് സ്വർണം കടത്താൻ ശ്രമിക്കവെയാണ് പൊലീസ് ശംസുദ്ദീനെ അറസ്റ്റ് ചെയ്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി നാൽ കാപ്സ്യൂളുകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഇന്നലെ വൈകുന്നേരം ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ എയർപോർട്ടിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ശംസുദ്ദീനെ രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ സ്വർണമുണ്ടെന്ന കാര്യം നിഷേധിച്ചതിനെ തുടർന്ന് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. സ്വർണ കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കരിപ്പൂരിൽ വെച്ച് പൊലീസ് പിടികൂടുന്ന രണ്ടാമത്തെ കേസാണിത്.
68t68