ഇന്ത്യ− ടിബറ്റ് −ചൈന− മ്യാന്‍മർ അതിർത്തിയോടു ചേർന്ന് 1748കി.മീ. നീളമുള്ള രണ്ടുവരിപ്പാത നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ− ടിബറ്റ് −ചൈന− മ്യാന്‍മർ അതിർത്തിയോടു ചേർന്ന് 1748 കിലോമീറ്റർ നീളമുള്ള രണ്ടുവരിപ്പാത നിർമിക്കാൻ ഇന്ത്യ. ചിലയിടത്ത് രാജ്യാന്തര അതിർത്തിക്ക് 20 കിലോമീറ്റർ വരെ അടുത്തായിരിക്കും പാത. ചൈനയുടെ നുഴഞ്ഞുകയറ്റം തടയുകയെന്നതും എൻ.എച്ച്− 913 പദ്ധതിയുടെ ലക്ഷ്യമാണ്. സമീപകാലത്ത് കേന്ദ്രം വിജ്‌ഞാപനം ചെയ്യുന്ന ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതയാണിത്.
ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കിടെ പുതിയ പാത അതിർത്തിയിലേക്കുള്ള പ്രതിരോധ സേനയുടെയും സൈനിക സാമഗ്രികളുടെയും നീക്കത്തിന് സഹായകമാകും. യഥാർഥ നിയന്ത്രണരേഖയ്‌ക്ക് സമീപം ചൈന വന്‍തോതിൽ നിർമാണം നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് ഇന്ത്യയുടെ നീക്കം. ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കാനും പാത ഉപകരിക്കും.
1748 കിലോ മീറ്റർ റോഡിൽ 800 കിലോമീറ്റർ പുതുതായി നിർമിക്കേണ്ടതുണ്ട്. നിരവധി പാലങ്ങളും തുരങ്കങ്ങളും യാഥാർഥ്യമാക്കേണ്ടതുണ്ട്. പദ്ധതികളുടെ അംഗീകാരം 2024−25ൽ പൂർത്തീകരിച്ച് 2026−27ൽ പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ബോംഡിലയിൽനിന്ന് ആരംഭിച്ച്, ഇന്ത്യ −ടിബറ്റ് അതിർത്തിക്ക് ഏറ്റവും അടുത്തുള്ള സ്‌ഥലങ്ങളായ നഫ്ര, ഹുറി, മോനിഗോംങ്, ചൈന അതിർത്തിയോട് ചേർന്നുള്ള ജിഡോ, ചെൻക്വന്റി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാത ഇന്ത്യ− മ്യാന്‍മർ അതിർത്തിക്കടുത്തുള്ള വിജയനഗറിൽ അവസാനിക്കും.
fgdf