ജാമ്യം ലഭിച്ചതിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി മടങ്ങിയെത്തി; ഒളിവിലായിരുന്നില്ലെന്ന് വിശദീകരണം


പീഡന പരാതിക്ക് പിന്നാലെ ഒളിവിൽപോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മടങ്ങിയെത്തി. 10 ദിവസത്തെ ഒളിവിന് ശേഷം മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലാണ് അദ്ദേഹമെത്തിയത്. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുട‌ർന്നാണ് അദ്ദേഹം വീട്ടിലെത്തിയത്. എൽ‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ‌യാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപിക്കണമെന്നും കോടതി നിർദേശിച്ചു.

സമൂഹമാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുത്. 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്.

എന്നാൽ താൻ ഒളിവിലായിരുന്നില്ലെന്നും എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും കെപിസിസിക്ക് വിശദീകരണം നൽകിയെന്നും എംഎൽഎ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. ജാമ്യം കിട്ടുന്നതിന് മുന്‍പ് സുധാകരന്‍റെ സെക്രട്ടറിയോട് സംസാരിച്ചു. കെ. സുധാകരനുമായി വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. ആരോപണം ആർ‍ക്കും ഉന്നയിക്കാം. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ഉപദ്രവിക്കാൻ‍ ശക്തിയുള്ള ആളല്ല താൻ‍. പൊതുപരിപാടിയിൽ നൃത്തം ചെയ്തത് നിഷ്‌കളങ്കത കൊണ്ടാണ്. ഏതെങ്കിലും മൂടുപടത്തിനുള്ളിൽ‍ ജീവിക്കുന്ന ആളല്ല താനെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.‌

article-image

sydruy

You might also like

Most Viewed