ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു

സർക്കാരുമായി പൂർണമായും ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ബില്ലുകളിൽ ഒപ്പിട്ടതെന്നാണ് സൂചന. ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ ഒഴികെയുള്ള ഒൻപതു ബില്ലുകളും ഒപ്പിടുമെന്നു ഗവർണർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബില്ലുകളിലെ ഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ചു ബന്ധപ്പെട്ട മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരിക്കണമെന്നു ഗവർണർ നിർദേശിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറിമാരെ ഒഴിവാക്കി, വകുപ്പു സെക്രട്ടറിമാരുമായെത്തി വിശദീകരിക്കാനാണ് ഗവർണർ നിർദേശിച്ചിരുന്നത്.
ഇന്നു ഡൽഹിക്കു പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കും. ഗോഹട്ടിയും മഹാരാഷ്‌ട്രയും സന്ദർശിച്ച ശേഷമാകും കേരളത്തിൽ മടങ്ങിയെത്തുക. നേരത്തെ നിയമസഭ പാസാക്കിയ മിൽമ ഭരണം പിടിച്ചെടുക്കുന്നതിനുള്ള സഹകരണ ഭേദഗതി ബില്ലിലും യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ബില്ലിലും ഗവർണർ ഒപ്പുവച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടതു റദ്ദാക്കിയ ബിൽ ഗവർണർ നേരത്തേ ഒപ്പുവച്ചിരുന്നു. ഒരു നിയമക്കുരുക്കുമില്ലാത്ത സാഹചര്യത്തിലായിരുന്നു ഇതിൽ ഒപ്പുവച്ചത്.
eruru