ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരം; ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി യു പ്രതിഭ എംഎല്‍എ


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഐഎം എംഎല്‍എ യു പ്രതിഭ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് എംഎല്‍എ പറഞ്ഞു. ആലപ്പുഴ ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിക്കെയാണ് യു പ്രതിഭ അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചത്.

ആഘോഷ വേദിയില്‍ കേരളീയ വേഷത്തിലെത്തിയ ഗവര്‍ണറെ യു പ്രതിഭ പ്രശംസിച്ചു. ഈ വേഷം ഗവര്‍ണര്‍ക്ക് നന്നായി ഇണങ്ങുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഗവര്‍ണര്‍ എല്ലാവരോടും നന്നായാണ് പെരുമാറാറുള്ളത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാകാം. എങ്കിലും മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മാതൃകാപരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എംഎല്‍എ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും യു പ്രതിഭ വേദിയില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തുറന്ന പോര് തുടരുന്നതിനിടെയാണ് സിപിഐഎമ്മിന്റെ എംഎല്‍എയായ പ്രതിഭാ ഹരി ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് പുകഴ്ത്തുന്നത്. യു പ്രതിഭയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായ അഭിപ്രായങ്ങളായാണ് സിപിഐഎം കാണുന്നതെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

You might also like

  • Straight Forward

Most Viewed