ഗവർണർക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം


ഗവർണർക്കെതിരെ സിപിഐ എം മുഖപത്രമായ ദേശാഭിമാനി. ഗവർണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിൻ്റെ അങ്ങേ തലയ്ക്കൽ എത്തിയെന്ന് മുഖപത്രത്തിൽ വിമർശനം. ‘പദവിയുടെ അന്തസ് കളഞ്ഞു ഗവർണർ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗമുള്ളത്. ഉന്നത ഭരണഘടനാ സ്ഥാനത്തിരുന്ന് അരുതായ്മകൾ ആവർത്തിച്ച് ചെയ്യുന്നു. കണ്ണൂർ വി.സി അക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ചാൻസലർ രാഷ്ട്രീയ ചട്ടുകമായത് ഉന്നത വിദ്യാഭ്യാസത്തിന് തീരാകളങ്കമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു. ഗവർണർ ബി.ജെ.പിയുടെ രാഷ്ട്രീയ ഏജൻ്റെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു. ഇന്ന് നിയമസഭയിൽ ലോകായുക്ത ഭേദഗതി ബില്ലും നാളെ സർവകലാശാല ഭേദഗതി ബില്ലുമൊക്കെ വരുന്ന സാഹചര്യത്തിലാണ് ഗവർണർക്കെതിരെ വിമർശനങ്ങളുമായി ദേശാഭിമാനി രംഗത്തുവന്നത്.

വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടെ ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. ഇന്ന് തന്നെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ച നടത്തി പാസ്സാക്കാനാണ് നീക്കം. ഇന്ന് അവതരിപ്പിക്കുക അസാധുവായ ഓ‌ർഡിനൻസിലെ വ്യവസ്ഥകളുള്ള ബില്ലാണ്. ബില്ലിൽ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച് സിപിഐഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു.

വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നാളെ ആകും സഭയിൽ അവതരിപ്പിക്കുക. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുനഃപരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed