നായാട്ടുകാരുടെ വെടിയേറ്റ ആദിവാസി യുവാവിനെ കാട്ടിൽ കുഴിച്ച് മൂടിയാതായി സംശയം; രണ്ട് പേർ കസ്റ്റഡിയിൽ


കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം മൂന്നാറിന് സമീപം വനത്തിൽ കുഴിച്ച് മൂടിയതായി സംശയം. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. യുവാവ് നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ ഒപ്പമുമുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കഴിച്ച് മൂടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

കഴിഞ്ഞ മാസം 28നാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തീയതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ മഹേന്ദ്രന് വെടിയേൽക്കുകയായിരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. സ്ഥലത്തെ മണ്ണ് മാറ്റി ഉടൻ തന്നെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

You might also like

Most Viewed