പ്രവാസി യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി വിട്ടയച്ചു


പ്രവാസി യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി വിട്ടയച്ചു. വിദേശത്ത് നിന്നും മടങ്ങിയ കുന്ദമംഗലം സ്വദേശിയായ യാസിറിനെയാണ് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി ചുരം രണ്ടാം വളവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിദേശത്ത് നിന്നെത്തിയ യാസിര്‍ വയനാട്ടിലേക്ക് പോകവെ ഇയാൾ സഞ്ചരിച്ച ഇന്നോവ കാര്‍ ഒരു സംഘം ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. താമരശ്ശേരി പൊലീസിന്റ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയായ യാസിറാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട ലോറി ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്. 

വിമാനത്താവളത്തിൽ വന്നിറങ്ങിയ യാസിര്‍ വീട്ടിലേക്ക് പോകാതെ വയനാട്ടിലേക്ക് തിരിച്ചത് ദുരൂഹതയുയർത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. അക്രമിസംഘം വിട്ടയച്ച യാസിറിനെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. തന്നെ ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും പരാതിയില്ലെന്നും യാസിർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. 

You might also like

Most Viewed