കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളം പ്രതിസന്ധിയിൽ

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നും നടക്കില്ല. ശമ്പള വിതരണത്തിനായി പണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. 82 കോടി രൂപയാണ് ശമ്പള നൽകാൻ ആവശ്യം. സർക്കാർ കൊടുത്ത 30 കോടി രൂപ ഇന്നലെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തി. എന്നാൽ 52 കോടി കൂടി ഉണ്ടെങ്കിൽ മാത്രമേ ശമ്പളം നൽകാനാവൂ. ഇന്ന് അർധ രാത്രിവരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയന്‍ നേതാക്കൾ അറിയിച്ചു. ശമ്പളം ഉടൻ വിതരണം ചെയ്യണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കിൽ തുടർ സമരം നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫും വ്യക്തമാക്കി.
യോഗത്തിൽ വിലയിരുത്തൽ അതേസമയം പണിമുടക്ക് കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് മാനേജ്മെന്റ് വിശദീകരണം. ഇതിനിടെ ശമ്പള പ്രതിസന്ധിക്കിടെ ഒന്നേ കാൽ കോടി മുടക്കി വാഷിംഗ് യന്ത്രം വാങ്ങുന്നതിനെതെതിരെ കഴിഞ്ഞ ദിവസം ജീവനക്കാർ വിമർശനമുന്നയിച്ചിരുന്നു. ശമ്പളം വിതരണം മുടങ്ങുന്ന സ്ഥാപനത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാന്‍ ഒന്നേകാൽ കോടി ചെലവിടുന്നെന്നാണ് വിമർശനം. എന്നാൽ ആരോപണങ്ങൾ തള്ളി കെഎസ്ആർടിസി മാനേജ്‌മെന്റ് രംഗത്തെത്തി.ശമ്പളത്തിനോ നിത്യ ചെലവിനെ മാറ്റി വെച്ച തുകയല്ല ഇതെന്നാണ് വിശദീകരണം. വർക് ഷോപ്പ് നവീകരണത്തിന് വർഷം തോറും കിട്ടുന്ന 30 കോടിയിൽ നിന്നാണ് യന്ത്രത്തിനുള്ള ചെലവ്. അതാകട്ടെ മറ്റൊന്നിനും വക മാറ്റാനും പറ്റില്ലെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.