തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുതെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ചിന് കുടുതൽ സമയം അനുവദിക്കരുത് എന്ന ആവശ്യവുമായി ദിലീപ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കള്ളത്തെളിവ് ഉണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമമെന്ന് ഗുരുതരമായ ആരോപണവും ദിലീപ് സത്യവാങ് മൂലത്തിൽ ഉന്നയിക്കുന്നു. തുടരന്വേഷണം മൂന്നര മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല. കേസ് അന്വേഷണം നീട്ടാൻ വേണ്ടിയാണ് കാവ്യയെ ചോദ്യം ചെയ്യാത്തത്. കാവ്യ തയ്യാറായിട്ടും ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ല. കാവ്യ മാധവനെ കേസിൽ കുരുക്കാൻ നീക്കം നടക്കുന്നു. ഇതിനായാണ് സുരാജിന്റെ ഫോൺ സംഭാഷണത്തെ ദുർവ്യാഖ്യാനിച്ചതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയെ ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി പൾസർ സുനിയുടെ പുതിയ കത്ത് വ്യാജമായി സൃഷ്ടിച്ചതാണ് എന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. പൾസർ സുനിയുടെ പേരിൽ പഴയ തീയതിയിൽ കത്ത് ഉണ്ടാക്കിയതാണ്. ജയിലിൽ നിന്നുള്ള സുനിയുടെ ഫോണ്‍വിളിയും കള്ള തെളിവാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന തുടരന്വേഷണത്തിന്റെ സമയപരിധി കഴിഞ്ഞ മാർച്ച് 14-ന് അവസാനിച്ചിരുന്നു.
എന്നാൽ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുയും ചെയ്തിരുന്നു. ഈ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.
