ദിലീപിനെതിരെ മൊഴി നൽ‍കാൻ‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നതായി ഐടി വിദഗ്ധൻ‍


നടൻ‍ ദിലീപ് ഉൾ‍പ്പെട്ട വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിനും അഡ്വ ബി രാമൻ ‍പിള്ളയ്ക്കുമെതിരായി മൊഴിനൽ‍കാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധന്റെ പരാതി. ക്രൈംബ്രാഞ്ചിനെതിരായ പരാതിയുമായി ഐടി വിദഗ്ധൻ‍ ഹൈക്കോടതിയെ സമീപിച്ചു. ഫോണിലെ ഫയലുകൾ‍ ഡിലീറ്റ് ചെയ്തത് അഡ്വ. ബി രാമൻ പിള്ളയുടെ നിർ‍ദേശത്തെത്തുടർ‍ന്നെന്ന് മൊഴി നൽ‍കാൻ ക്രൈംബ്രാഞ്ച് സമ്മർ‍ദം ചെലുത്തുന്നുവെന്നാണ് ഐടി വിദഗ്ധൻ കോടതിയെ അറിയിച്ചത്.

ഐടി വിദഗ്ധന്റെ പരാതി പരിഗണിച്ചശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നോട്ടീസ് നൽ‍കാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിർ‍ദേശിച്ചിട്ടുണ്ട്. ഐടി വിദഗ്ധൻ‍ സമർ‍പ്പിച്ച ഹർ‍ജി അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

വധ ഗൂഢാലോചന കേസിൽ‍ ദിലീപ് അടക്കമുള്ള പ്രതികൾ‍ക്കെതിരെ കൂടുതൽ‍ നിർ‍ണായക കണ്ടെത്തലുകൾ‍ നടത്തിയതായി ക്രൈംബ്രാഞ്ച് ഇന്നലെ അവകാശപ്പെട്ടിരുന്നു. 12 ഫോണുകളിലേക്കുള്ള വാട്‌സപ്പ് ചാറ്റ് വിവരങ്ങൾ‍ പ്രതികൾ‍ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. നശിപ്പിച്ച വിവരങ്ങൾ‍ തിരികെയെടുക്കാൻ‍ ക്രൈംബ്രാഞ്ച് ഫൊറൻസിക് ലാബിന്റെ സഹായം തേടിയിരുന്നു.. ഫൊറൻസിക് റിപ്പോർ‍ട്ട് ലഭിക്കാനിരിക്കെയാണ് പരാതിയുമായി ഐ.ടി വിദഗ്ധൻ രംഗത്തെത്തുന്നത്.

ഫോൺ വിവരങ്ങൾ‍ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽ‍കിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോൺ‍ വിവരങ്ങൾ‍ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിന്‍സെന്റ് ചൊവ്വല്ലൂർ‍ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോൺ രേഖകൾ‍ ദിലീപിന്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഫോണുകൾ‍ കൈമാറാൻ‍ കോടതി ഉത്തരവിട്ടത് ജനുവരി 29നാണ്. മുംബൈയ്ക്ക് അയച്ച നാൽ ഫോണുകളിലെയും വിവരങ്ങൾ‍ നീക്കം ചെയ്തു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ഇന്ന് കോടതിയിൽ‍ ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറർ‍ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾ‍ക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

ഫോണുകളിലെ വിവരങ്ങൾ‍ ഹാർ‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന മൊഴിയുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഫോണുകളിൽ‍ നിന്ന് ലഭിച്ച വിവരങ്ങൾ‍ ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങൾ‍ പകർ‍ത്തിയ ഹാർ‍ഡ് ഡിസ്‌ക് അഭിഭാഷകർ‍ക്ക് കൈമാറിയിരുന്നു. അതേസമയം, ലാബിലെ ഹാർ‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിൻസൻ ചൊവ്വല്ലൂർ‍ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകൾ‍ പൊലീസിന് കൈമാറിയിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed