ഹർജി തള്ളി; മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും
മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി. ഇതോടെ മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ വിലക്ക് തുടരും. സംപ്രേഷണം തടഞ്ഞതു ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാനൽ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. കേന്ദ്ര നടപടി നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡും ചാനൽ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലാണ് തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിലക്ക് തുടരാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയത് ശരിയായ നടപടിയാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ അപ്പീൽ നൽകുമെന്നു ചാനൽ അധികൃതർ അറിയിച്ചു.
മീഡിയ വൺ ചാനൽ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില പരാർമശങ്ങളും വിധിയിൽ ഉള്ളതായിട്ടാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന നിലയിൽ കേന്ദ്രസർക്കാർ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കാര്യങ്ങൾ ഹർജിക്കാർക്കു കൈമാറുന്നതിനെയും കേന്ദ്രസർക്കാർ എതിർത്തിരുന്നു.

