പോണേക്കരയിലെ ഇരട്ടക്കൊലപാതകം; പ്രതി റിപ്പർ ജയാനന്ദനെന്ന് കണ്ടെത്തൽ

കൊച്ചി: പോണേക്കരയിലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന റിപ്പർ ജയാനന്ദനെന്ന് കണ്ടെത്തി. 17 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയെ കണ്ടെത്തിയത്. ഡിസംബർ 15ന് ജയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജയാനന്ദൻ സഹതടവുകാരനുമായി കൊലപാതക വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
2004 മേയ് 30നാണ് പോണേക്കരയിൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനിൽ സന്പൂർണയിൽ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫിസർ വി. നാണിക്കുട്ടി അമ്മാൾ (73), സഹോദരിയുടെ മകൻ ടി.വി. നാരായണ അയ്യർ (രാജന്‍−60) എന്നിവരാണ് കൊല്ലപ്പെട്ടത്. നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ പീഡിപ്പിച്ചു. കൂടാതെ ഇവിടെ നിന്നും 44 ഗ്രാം സ്വർണവും 15 ഗ്രാം വെള്ളിയും ഇയാൾ മോഷ്ടിച്ചു. വൃദ്ധയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്‍റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണമായത്. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് റിപ്പർ ജയാനന്ദനെയും പലതവണ ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.