ആശുപത്രിയിൽ‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ; യുവതിയുടെ മരണത്തിൽ‍ പോലീസ് കേസെടുത്തു‍


നാദാപുരം: മന്ത്രവാദ ചികിത്സയ്‌ക്കായി ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച യുവതിയുടെ മരണത്തിൽ പരാതി. മതിയായ ചികിത്സ നൽകാതെ മതകേന്ദ്രത്തിലെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണം എന്നാരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ(43) ആണ് മരിച്ചത്. ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിൽ വച്ചാണ് നൂർജഹാൻ മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. നൂർജഹാന് ജമാൽ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും ഇവർ ആരോപിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ രോഗം മൂർച്ഛിച്ച അവസ്ഥയിൽ പോലും ജമാൽ നൂർജഹാന് ആശുപത്രി ചികിത്സ നൽകിയില്ലെന്നാണ് ആരോപണം. ആറ് മാസം മുൻപും നൂർജഹാനെ മന്ത്രവാദ ചികിത്സയ്‌ക്ക് വിധേയയാക്കിയിരുന്നു. അന്ന് വിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുക്കൾ ഇടപെട്ടാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയത്. രോഗം ഭേദമായെങ്കിലും തുടർചികിത്സ നൽകാതെ ഭർത്താവ് വീണ്ടും ഇവർക്ക് മന്ത്രവാദ ചികിത്സ നടത്തുകയുമായിരുന്നു.

രോഗം ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആലുവയിലെ മതകേന്ദ്രത്തിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. സംഭവത്തിൽ നൂർജഹാന്റെ അമ്മയും ബന്ധുവുമാണ് വളയം പോലീസിൽ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്. മൃതദേഹവുമായി ആലുവയിൽ നിന്നും കല്ലാച്ചിയിലേക്ക് വന്ന ആംബുലൻസ് തടഞ്ഞാണ് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ നടപടികൾ എടുക്കുമെന്നും പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed