തിരുവനന്തപുരത്ത് ശക്തമായ മഴ; വ്യാപക നാശനഷ്ടങ്ങൾ

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. 12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിൽ. ശക്തമായ മഴയെ തുടർന്ന് നെയ്യാറ്റിൻകര ടിബി ജങ്ഷനിൽ ദേശീയപാതയിൽ പാലത്തിന്റെ ഒരുഭാഗം തകർന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്.
വിഴിഞ്ഞത്ത് ഗംഗയാർ തോട് കരകവിഞ്ഞൊഴുകുകയാണ്. സമീപത്തെ കടകളിൽ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ പൂർണമായി തകർന്നു. ആളുകൾ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നു.