വയനാട്ടിൽ റേഷനരിയിൽ ചത്ത പാന്പ്

വയനാട്: വയനാട്ടിൽ റേഷനരിയിൽ ചത്ത പാന്പ്. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാന്പിനെ കണ്ടത്. കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷൻ കടയിൽ നിന്നുമാണ് കഴിഞ്ഞ ആഴ്ച ഇവർ അരി വാങ്ങിയത്. 50 കിലോ അരി ആയതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല. പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് ചാക്കിലെ അരി പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാന്പിനെ കണ്ടത്. ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവർ രണ്ടു ദിവസമായി കഴിച്ചിരുന്നത്.
റേഷൻ കടയിൽ നിന്നും വാങ്ങുന്പോൾ തന്നെ രൂക്ഷഗന്ധം ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. പൊതുവെ ഇവിടെയുള്ള റേഷനരിക്ക് രൂക്ഷഗന്ധമുള്ളതിനാൽ കാര്യമായി ശ്രദ്ധിച്ചില്ലെന്നും പിന്നീട് അരി കഴിയുംതോറും ഗന്ധം കൂടിവന്നതായും കുടുംബം പറഞ്ഞു. ഇതേതുടർന്നാണ് ചാക്ക് പരിശോധിച്ചത്. ഇതിൽ ചാക്കിന്‍റെ പകുതിയിലായി പാന്പ് ചത്തു കിടക്കുന്നതായി കാണുകയായിരുന്നു.