ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും:എൻ വാസു

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെങ്കിലും ദർശനത്തിന് അവസരം നൽകും. എരുമേലിയിലും പത്തനംതിട്ടയിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഉറപ്പാക്കുമെന്നും തിരിച്ചറിയിൽ രേഖ നൽകിയാൽ ദർശനം ഉറപ്പാക്കുമെന്നും എൻ വാസു വ്യക്തമാക്കി.
ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിംഗിൽ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിംഗിൽ ഉടന്‍ തീരുമാനമെടുക്കണം. ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയ്‌ക്കൊപ്പം പാസ്‌പോർട്ടും ബുക്കിംഗിനായി ഉപയോഗിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു.
അതിനിടെ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ പൊലീസ് ശക്തിപ്പെടുത്തി. സന്നിധാനത്തും പന്പയിലും നിലയ്ക്കലിലും പൊലീസ് കണ്‍ട്രോളർമാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോർഡിനേറ്ററും ദക്ഷിണമേഖല ഐജി ഹർഷിത അത്തല്ലൂരി ജോയിന്റ് പൊലീസ് കോർഡിനേറ്ററായും പ്രവർത്തിക്കും. സന്നിധാനം, പന്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.