കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: മുഖ്യമന്ത്രി കാര്യങ്ങൾ നേരത്തെ അറിഞ്ഞുവെന്ന് പി.കെ ശ്രീമതി

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നുുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. നമുക്കതിൽ റോൾ ഇല്ലെന്നും അനുപമയും അച്ഛനും അമ്മയുമായുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി ഫോൺ സംഭാഷണത്തിൽ പറയുന്നു. അനുപമയും പി കെ ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
താൻ വിഷയം എല്ലാവരോടും സംസാരിച്ചതാണെന്ന് പി.കെ ശ്രീമതി അനുപമയോട് ഫോണിൽ പറയുന്നു. ഇനി തനിക്കൊന്നും ചെയ്യാനാകില്ലെന്നും താൻ നിസഹായയാണെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെയും സമരം ശക്തമായി തുടരും എന്ന് അനുപമ പറഞ്ഞു. ആരോപണവിധേയരെ അന്വേഷണ ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു.
ശിശുക്ഷേമ സമിതിക്ക് മുൻപിലെ അനുപമയുടെ സമരം തുടരുകയാണ്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ. എസ് ഷിജു ഖാനെയും സി ഡബ്ൽയു സി ചേർപേഴ്‌സൺ എൻ സുനന്ദയേയും സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് സംഭവത്തിലെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തു വരാതിരിക്കുന്നതിന് ആണെന്നും അനുപമ പറഞ്ഞു.