35 സീറ്റു കിട്ടിയാൽ ഭരണം പിടിക്കുമെന്ന കെ.സുരേന്ദ്രന്‍റെ പ്രസ്താവന തിരിച്ചടിയായെന്ന് ബിജെപി റിപ്പോർട്ട്


തിരുവനന്തപുരം: 35 സീറ്റു കിട്ടിയാൽ ഭരണം പിടിക്കുമെന്ന കെ.സുരേന്ദ്രന്‍റെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് ബിജെപി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് സംസ്ഥാന അധ്യക്ഷന് നേരെ വിമർശനമുള്ളത്. ഒ. രാജഗോപാൽ നടത്തിയ പ്രസ്താവനകൾ നേമത്തെ തോൽവിക്ക് കാരണമായി. റിപ്പോർട്ട് അടുത്ത കോർ കമ്മിറ്റി യോഗത്തിൽ വയ്ക്കും. സംസ്ഥാന നേതൃത്വത്തിന്‍റെയും പ്രചാരണത്തിലെ വീഴ്ചകളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എൽഡിഎഫ് പ്രചാരണത്തെ മറികടക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങൾ പൂർണമായും എൽഡിഎഫിനൊപ്പം നിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേമം ബിജെപിയുടെ ഗുജറാത്താണെന്ന പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കി. ജയസാധ്യതയുണ്ടായിരുന്ന വട്ടിയൂർക്കാവിലും സ്ഥിതി കൂടുതൽ മോശമായി. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും സംഘടനാ സംവിധാനവും രണ്ടു വഴിക്കായിരുന്നുവെന്നും തിരുവനന്തപുരത്ത് ജി.കൃഷ്ണകുമാറിനെ ഇറക്കിയതും പാർട്ടിക്ക് നേട്ടമുണ്ടാക്കിയില്ലെന്നും റിപ്പോർട്ട് പറയുന്നു. ബിഡിജെഎസിന്‍റെ പ്രവർത്തനങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. സ്വന്തം സമുദായത്തിന്‍റെ വോട്ട് പോലും ബിഡിജെഎസിന് നേടാനായില്ല. തലശേരി ഉൾപ്പടെയുള്ള മൂന്ന് മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ പത്രിക തള്ളിയതും പാർട്ടിയുടെ സാധ്യതകളെ ബാധിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബിജെപി വൈസ് പ്രസിഡന്‍റും നാല് ജനറൽ സെക്രട്ടറിമാരും ചേർന്നാണ് തോൽവിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയത്.

You might also like

Most Viewed