കേരളത്തിന് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് . എട്ട് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് മൂന്ന് ലക്ഷം കോവീഷീൽഡ് കൂടിയെത്തി. സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷൻ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ഓഗസ്റ്റ് 15ന് മുന്പ് ആദ്യ ഡോസ് വാക്‌സിന്‍ നൽകാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,24,29,007 പേർക്കാണ് വാക്‌സിന്‍ നൽകിയത്. അതിൽ 1,59,68,802 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. കേരളത്തിലെ 2021−ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 45.5 ശതമാനം പേർക്ക് ഒന്നാം ഡോസും 18.41 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 55.64 ശതമാനം പേർക്ക് ഒന്നാം ഡോസും 22.51 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

